Friday, 1 September 2017

നീല കണ്ണുള്ള മാലാഖ

picture courtesy : google
കിടപ്പു മുറിയിലേക്ക് വേച്ച് വേച്ച് അയാൾ നടന്നു നീങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന ജോണിവാക്കർ വിസ്കിയുടെ ഒഴിഞ്ഞ കുപ്പി താഴെ വീണ് കട്ടിലിന്നടിയിലേക്ക്  ഉരുണ്ടുരുണ്ടു നീങ്ങി.
വിറയ്ക്കുന്ന കൈകളോടെ സമീപത്തുണ്ടായിരുന്ന അലമാരയിൽ പിടിച്ചു അലങ്കോലമായിക്കിടക്കുന്ന തലയിണയും ബെഡ്ഷീറ്റും കണ്ണ് മിഴിച്ചുകൊണ്ട് അയാൾ നോക്കുമ്പോൾ എവിടുന്നോ ഒരു ചെറിയ പെൺകുട്ടിയുടെ ചിരി കാതിൽ അലയടിച്ചു .
"അച്ഛാ," അവളുടെ വാക്കുകളിൽ സ്നേഹവും വാത്സല്യവും തുളുമ്പി നിന്നു.
പിന്നെ അയാൾ കേട്ടത് ഉച്ചത്തിലുള്ള പൊട്ടിച്ചിരി ആയിരുന്നു. വിസ്കിയുടെ ഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ടു അയാൾ നാലുപാടും പകച്ചു നോക്കി.  അത് തന്റെ മകൾ നയനയുടെ ശബ്ദമല്ലേ?
ചുവരിനു മുകളിലേക്കു ദൃഷ്ടി പായിച്ചപ്പോൾ പതിനഞ്ചു വയസ്സുള്ള തന്റെ മകൾ നയനയുടെ ഫോട്ടോ ഫ്രെയിം ചെയ്തു മാല ചാർത്തിയിരിക്കുന്നതു കണ്ടു. നയന അയാളെ നോക്കി പുഞ്ചിരിച്ചു.
"ഡാഡി എന്നെ മറന്നു അല്ലെ?" മായാത്ത പുഞ്ചിരിയോടെ അവൾ ചോദിച്ചു. അയാൾ നിറമിഴികളോടെ അവളെ നോക്കി.
"എന്തു പറ്റി ഡാഡി, സുഖമില്ലേ?" നയന ചോദിച്ചു.
അസഹനീയമായ ദുഖത്തോടെ കയ്യിലെ ഗ്ളാസ്സിൽ നിന്നു മദ്ധ്യം ഒറ്റവലിക്ക് അകത്താക്കി അയാൾ ഗ്ളാസ് അലമാരയിലെ കണ്ണാടിയിലേക്കു ശക്തിയോടെ എറിഞ്ഞു. "ഗുഡ് ബൈ ഡാഡി എന്നെഴുതിയേടത്തു ഗ്ലാസ് പതിഞ്ഞു, പൊട്ടിച്ചിതറി.  ഉടഞ്ഞു വീണ ചില്ലുകഷണങ്ങളിലൂടെ തന്റെ പ്രതിബിംബം കണ്ടപ്പോൾ അത് തകർന്നു തരിപ്പണമായ തന്റെ ജീവിതം ആണെന്ന് അയാൾക്ക് തോന്നി.
"ഡാഡി എന്നോടെപ്പോഴും പറയാറില്ലേ, ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്നു? ഡാഡിയുടെ സുഹൃത്തിന്റെ മകൾ ദീപ  എന്നെക്കാളും എത്രയോ ബെറ്റർ ആണെന്ന്? പരിക്ഷകളിലൊക്കെ എന്നെക്കാൾ ഒന്നോ രണ്ടോ മാർക്ക് കൂടുതൽ അവൾക്കായിരിക്കും എപ്പോഴും. ഡാഡി എപ്പോഴും എന്നെ അവളുമായി താരതമ്യം ചെയ്യുമായിരുന്നു." അവൾ പറഞ്ഞു നിർത്തി.
അയാൾ ചെവി അടച്ചു പിടിച്ചു.  ആ ശബ്ദം അയാളെ അലോസരപ്പെടുത്തികൊണ്ടിരുന്നു.
"ഇനി അടുത്ത ജന്മത്തിൽ ഞാൻ ഡാഡിയുടെ മോളായി ജനിച്ച്‌, ഡാഡിയുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ ആവതു ശ്രമിക്കാം. എനിക്ക് ഡാഡിയെ അത്രക്ക് ഇഷ്ടമാണ്." ഒരു വിതുമ്പലോടെ അവൾ അറിയിച്ചു. പിന്നെ അവൾ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു.
അസഹനീയമായ വേദനയോടെ  ആടിയുലഞ്ഞുകൊണ്ട്‌ അയാൾ തറയിലെ കുപ്പിച്ചില്ലുകൾക്കു മീതെ വീണു. അയാളുടെ ശ്വാസോച്ചാസം ദൃതഗതിയിലായി. കൈത്തലം മുഖത്തോടു അമർത്തി പിടിച്ചു, വിങ്ങിപ്പൊട്ടി, അയാൾ എഴുന്നേറ്റു, മകളുടെ ഫോട്ടോക്കരികിലേക്കു ചെന്നു.
"എന്നോട് ക്ഷമിക്കണേ മോളെ..."
കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ അയാൾ വേച്ച് വേച്ച് നടന്നു, വാതിൽ തുറന്നു. താഴേക്കു വീഴാനാഞ്ഞു പോയപ്പോൾ, കട്ടിളപ്പടിയിന്മേൽ പിടിമുറുക്കിക്കൊണ്ടു അയാൾ നിന്നു. ആ കണ്ണുകൾ പകുതി അടഞ്ഞിരുന്നു. തന്റെ മുമ്പിൽ നിൽക്കുന്നതു ആരെന്നറിയുവാൻ അയാൾ അൽപ സമയമെടുത്തു.
വെളുത്ത വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ആയിരുന്നു തന്റെ മുമ്പിൽ.
"ആരാണ്?" അയാൾ ആരാഞ്ഞു.
"എന്നെ അറിയില്ലേ?" ഒരു പുഞ്ചിരിയോടെ അവൾ.  "ഞാൻ തന്നെ, നയന.
ഡാഡിക്കിതെന്തു പറ്റി? സുഖമില്ലേ? എന്റെ കണ്ണുകളിലേക്കു നോക്കൂ, ആശ്വാസം കിട്ടും." അവൾ പറഞ്ഞു.
അയാൾ ആ നിലക്കണ്ണുകളിലേക്കു നോക്കി.  ആ കണ്ണുകളിലൂടെ അയാൾ സഞ്ചരിച്ചു. ഒരുപാട് ദൂരം. ആ വഴികൾ തനിക്കു പരിചിതമാണെന്നു അയാൾക്ക് തോന്നി. എവിടെയോ കണ്ടു മറന്ന പോലെ.
"എനിക്ക് ഈ സ്ഥലം നല്ല പരിചയം ഉണ്ടല്ലോ?" അയാൾ ചോദിച്ചു.
"പരിചയം കാണും. ഡാഡി പലതവണ ഇതിലെ കൂടി യാത്ര ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്." അവൾ പറഞ്ഞു. ഇപ്പോഴാണ് എത്തിച്ചേർന്നത്."
തൊട്ടടുത്ത മണിക്കൂറിൽ അയാളുടെ മുറിയിലേക്ക് കടന്ന ആളുകൾ, അയാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കുപ്പിച്ചില്ലുകൾ അയാളുടെ കൈത്തണ്ടയിൽ തുളഞ്ഞു കയറി, രക്തം ഇറ്റിറ്റു തറയിൽ വീണുകൊണ്ടിരുന്നു. മൂന്നാളുകൾ അയാളുടെ ശവത്തിന്നരികിൽ നിന്നു.
ചുവരിനു മുകളിലെ നയനയുടെ ഫോട്ടോ താഴെ വീണുടഞ്ഞു. കുപ്പിച്ചില്ലുകൾ ഉടഞ്ഞു വീണ ശബ്ദം നിശബ്തതയിൽ അലിഞ്ഞു ചേർന്നു.
വെളുത്ത ഒരു രൂപം അയാളുടെ ജഡത്തിൽ നിന്നു ഉയർത്തെഴുന്നേറ്റു, പുറത്തു നിന്ന പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങി. നീലക്കണ്ണുകളുള്ള ആ പെൺകുട്ടിയെ അയാൾ കെട്ടിപ്പിടിച്ചു, ആ നെറുകയിൽ ചുംബിച്ചു കൊണ്ട് അയാൾ പറഞ്ഞു, "അവസാനം ഞാൻ നിന്റെ അടുക്കലേക്കു വന്നു, മോളെ".
നാളെ ഇല്ല എന്നപോലെ, അവർ ഒന്നുകൂടി കെട്ടിപ്പിടിച്ചു. അയാൾ സന്തോഷവാനായിരുന്നു. 
ഇരുട്ടിൽ അവളുടെ നീണ്ട മുടിയിഴകൾ തിളങ്ങി... അവളുടെ പേടിപ്പെടുത്തുന്ന ആ നീല കണ്ണുകളും!
                                    

No comments:

Post a Comment