picture courtesy : google
അവൾക്കു 11 വയസു മാത്രേ ഉണ്ടായിരുന്നുള്ളു.ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന കാലം.
മാതൃ ക്ഷേമ വിഭാഗത്തിലെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ആണ് ഞാൻ.
അന്നൊക്കെ ഗർഭിണികളെ പ്രസവിക്കാൻ വരുന്നത് കാണുമ്പോഴെ ഒരു വിഷമം വരും.
എന്ത് കൊണ്ടോ അല്ലാതെ വെളിയിൽ വെച്ച് വലിയ വയറും തൂക്കി ചിരിച്ചോണ്ട് നടക്കുന്ന ഇതുങ്ങളെ കാണുമ്പോൾ കാരണം ഇല്ലാതെ ഒരു സന്തോഷവും ബഹുമാനവും
പ്രസവ വേദനയുമായി വരുന്നവർ ആണ് 99% രോഗികളും. അത് കൊണ്ട് തന്നെ അതിനുള്ളിൽ ഇരിക്കുന്നതെ വീർപ്പുമുട്ടി ആണ്.
അത് കൊണ്ട് തന്നെ ഞാൻ നേരെ എതിർവശത്ത് കാണുന്ന കുട്ടികളുടെ അത്യാഹിത വിഭാഗത്തിലേക്ക് കണ്ണും നീട്ടി ഇരിപ്പാണ്.
മിക്കവാറും കുഞ്ഞുങ്ങളും തല പൊക്കി വെക്കാൻ ആകുമെങ്കിൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. അത് കാണുന്നത് ഒരു സന്തോഷമാണ്.
അപ്പോഴാണ് അവളെയും കൊണ്ട് കുറച്ചു കാക്കി ധാരികൾ വരുന്നത്.
ഞാൻ ഒന്ന് അന്തം വിട്ടു. ഓമനത്തം ഉള്ള മുഖം. പക്ഷെ വില കുറഞ്ഞതും അവൾക്കു പാകം അല്ലാത്തതും ആയ ഒരു വസ്ത്രം ആണിട്ടിരിക്കുന്നത്.
പക്ഷെ അത് പുതിയത് ആണെന്ന് തോന്നി.കണ്ടാൽ ഒരു രോഗിയുടെ ക്ഷീണം ഇല്ല. വായ മുഴുവൻ തുറന്നു ചിരിക്കുമ്പോൾ പൊഴിഞ്ഞു വീണ അണപല്ലിന്റെ വിടവ് കാണാം
കൂടെ മാന്യമായി വസ്ത്രം ധരിച്ച വേറെ ആളുകളും ഉണ്ടായിരുന്നു. ഇവൾക്കെന്താണ് അസുഖം. ഒന്നും മനസിലായില്ല.
അവളെ കുട്ടികളുടെ വിഭാഗത്തിലേക്ക് കൂട്ടി കൊണ്ട് പോകും എന്നു കരുതിയ എനിക്ക് തെറ്റി. ഞാൻ ഇരിക്കുന്നിടത്തേക്കാണു കൊണ്ട് വരുന്നത്.!!!
ഞാനും കൂടെ ഉള്ള സീനിയർ ചേച്ചിയും എഴുന്നേറ്റു. വനിതാ പൊലീസ്കാരും, ചൈൽഡ് ലൈൻ പ്രവർത്തകരും ആണ്. ഒരാൾ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.
അവൾ ഒറ്റ മകൾ ആണ്. അമ്മ മാത്രമേ ഉള്ളു. അമ്മ മാനസിക രോഗി ആണ്. അച്ഛൻ അവളെയും അമ്മയെയും ഉപേക്ഷിച്ചു വേറേതോ സ്ത്രീയുടെ കൂടെ പോയിരിക്കുന്നു.
അടുത്തുള്ള സർക്കാർ സ്കൂളിൽ പോകുന്നുണ്ട് അവൾ. ഉച്ച കഞ്ഞി ആണ് ലക്‌ഷ്യം.
അവൾ സ്കൂളിൽ തന്റെ കൂട്ടുകാരിൽ ആരോടോ പറഞ്ഞത് ആ കുട്ടിയുടെ അമ്മ ടീച്ചറെ അറിയിച്ചാണ് വിവരം പുറത്ത് വരുന്നത്
അവൾ അവളുടെ ശരീരം വിൽകാറുണ്ട് അത്രേ!!! ഞാൻ ഞെട്ടി പോയി
രാവിലെയും രാത്രിയിലും ഭക്ഷണം കഴിക്കാനും സുഖം ഇല്ലാത്ത അമ്മക്ക ഭക്ഷണം് വാങ്ങി കൊടുക്കാനും അവൾക്കു വേറെ മാർഗം ഇല്ല
അവൾക്കു അവൾ എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയില്ല. അവൾ എങ്ങിനെ ആണ് ചോറ് വാങ്ങി കൊണ്ട് വരുന്നത് എന്ന് മനസിലാക്കാൻ ഉള്ള സ്ഥിര ബുദ്ധി അവളുടെ അമ്മക്ക് ഇല്ല താനും.
ഒരാളുടെ കൂടെ പോയാൽ പത്ത് രൂപ കിട്ടും അത്രേ. ചിരിച്ചു കൊണ്ടാണ് എല്ലാം വിശദീകരിക്കുന്നത്.
ടീച്ചർ അറിയിച്ച പ്രകാരം എത്തിയ പോലീസ്കാരും ചൈൽഡ് ലൈൻ പ്രവർത്തകരും ആണ്. അവളെ എക്സാമിൻ ചെയ്തു സർട്ടിഫിക്കറ്റ് കൊടുക്കണം.അതിനാണ് കൂട്ടി കൊണ്ട് വന്നിരിക്കുന്നത്
എന്റെ കൂടെ ഉള്ള ചേച്ചി അവളെ എന്തൊക്കെയോ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ഇനി ഇങ്ങനെ ചെയ്യരുതെന്നും.
അപ്പോൾ വളരെ നിഷ്കളങ്കമായി അവൾ പറയുകയാണ്. എനിക് ഭയങ്കര വിശപ്പാണ് ചേച്ചി. വിശന്നാൽ പിന്നെ സഹിക്കാൻ പറ്റില്ല. അത് കൊണ്ടല്ലേ എന്ന്. !!!!
ചേച്ചിയുടെ മുഖത്തെ ദേഷ്യമോ സങ്കടമോ എനിക്ക് മനസിലാകുന്നില്ല.
വിഷയം മാറ്റാൻ ഞാൻ പോക്കറ്റിൽ ഉറക്കത്തെ അകറ്റാൻ കരുതിയിരുന്ന ചോക്ലേറ്റ് അവൾക്കു നീട്ടി. കൈ നീട്ടി അത് വാങ്ങിയതോടൊപ്പം. അവൾ കസേരയിൽ ഇരുന്ന എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കവിളിൽ ഒരുമ്മ തന്നു!!
പോലീസ്കാരിയുടെ മടിയിൽ ഒരു കൈ വെച്ച് ജീപ്പിന്റെ പിന്നിൽ ഇരുന്നു പോകുമ്പോളും അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ആ ചിരി എന്റെ ഉള്ളം വേവിക്കുന്നുണ്ട് ഇപ്പോഴും
No comments:
Post a Comment