Friday, 1 September 2017

ശലഭങ്ങളുടെ കൂടെ


picture courtesy : google
ശലഭങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര പോകണം
നിലാവിന്റെ നേർത്ത വിരലുകൾ കൊണ്ട്
ആ സ്വപ്നങ്ങളെ തഴുകണം
ആയുസ്സിന്റെ പകുതി കൊടുത്ത് അതിലൊന്നിനെയെങ്കിലും സഫലമാക്കണം...

ശലഭത്തിന്റെ സ്വപ്നങ്ങളിലൂടെ പൂവിനെ അറിയണം
ഇത്ര പെട്ടെന്ന് വാടാൻ മാത്രം
ആരാണ് നിന്നെ  വേദനിപ്പിച്ചതെന്ന് ചോദിക്കണം
ആ വേദന ഞാനെടുത്തോളാം എന്ന് ആശ്വസിപ്പിക്കണം...
പൂവിലൂടെ പൂവിനെ പ്രണയിച്ച വേരിലേക്കെത്തണം
മണ്ണിൽ വീണടിയുമ്പോൾ പോലും ഒന്നു തഴുകാനാവാതെ താഴേക്ക് നോക്കി നെടുവീർപ്പിടുന്ന
വേരിന്റെ വിരഹതാപത്തെ
നെഞ്ചിലേക്ക് ആവാഹിക്കണം...
വേരിൽ നിന്നും മണ്ണിലേക്കെത്തണം
മണ്ണിൽ മാറു ചേർക്കണം
മയങ്ങിക്കിടക്കുന്ന
മരിക്കാത്ത സ്വപ്നങ്ങളിലേക്ക് മാറ് ചുരത്തണം
ഉണർന്നെണീക്കുന്ന
സ്വപ്നങ്ങൾക്ക് ബാക്കിയുള്ള പകുതി ആയുസ്സും നൽകി
എനിക്കും യാത്രയാവണം
എന്റെ സ്വപ്നങ്ങൾ സഫലമായെന്ന
ആശ്വാസത്തോടെ....
           

No comments:

Post a Comment