Friday, 1 September 2017

മിഥ്യ

picture courtesy : google
അയാൾ കവിടികൾ നിരത്തികൊണ്ടിരുന്നു. വിരലുകൾ വളരെ ഭംഗിയായി ചലിപ്പിച്ചുകൊണ്ടിരിന്നു.  ആ കവിടികൾ നഖത്തുമ്പുകളോട് എന്തോ സംസാരിക്കുന്നപോലെ തോന്നി. ആ ശബ്ദവീചികൾ ആവാം അയാളുടെ സിരകളിലൂടെ പ്രവഹിച്ചു മസ്തിഷ്കത്തെ പ്രവചനകൾക്കു സജ്ജമാക്കുക. 
കണ്ടു നില്കുന്നവന്റെ കണ്ണിലെ കൃഷ്ണമണികൾ കവിടികൾക്കൊപ്പം അങ്ങോട്ടുമിങ്ങോട്ടും ചലിച്ചു കൊണ്ടിരുന്നു.
അബദ്ധങ്ങൾ ആചാരങ്ങളും ശാസ്ത്രങ്ങളുമാവുന്ന ലോകത്ത് ഒരു ജ്യോതിഷിയുടെ നാവിൻ തുമ്പിനു തീ തുപ്പുവാനുള്ള ശേഷിയുണ്ട്.
ഭാഗ്യാന്വേഷികൾ,  മരണഭയം നിറഞ്ഞവർ, മോഹഭംഗം സംഭവിച്ചവർ, എന്തിനെയും സംശയദൃക്കോടെ നോക്കുന്നവർ, മറ്റൊരുവന്റെ വളർച്ചയിൽ അസൂയ പൂണ്ടവർ അങ്ങനെയെത്രയെത്രപേർ ആ വരിയിൽ നിരന്നു നിൽക്കുന്നു. ഭൂതകാല പ്രഭകളിൽ അഭിരമിക്കുന്നവരും ഭാവിയുടെ വാതായനകളിൽ വിരാജിക്കുന്നവരും വർത്തമാനം മറന്നു പ്രാർഥനയിൽ നിരന്നു നിൽക്കുന്നു.  അയാളിൽ നിന്നു പൊഴിഞ്ഞു വീഴുന്ന വാക്കുകൾക്കായി അക്ഷമരായി കാതോർക്കുന്നു.
അയാൾ ധ്യാനം തുടന്നുകൊണ്ടിരുന്നു.. അയാളുടെ രോമാവൃദമായ മുഖത്തിന്‌ താഴെ കഴുത്തിലെ വലിയ മുഴമാത്രം ഇടയ്ക്കിടയ്ക്ക് ചലിച്ചുകൊണ്ടിരുന്നു.  ഏറെ നേരത്തിനു ശേഷം തികഞ്ഞ സാത്വിക ഭാവത്തിൽ ഒരു യോഗിയെ അനുസ്മരിപ്പിക്കുമാറ് അയാൾ കൺ‌തുറന്നു
അയാൾ പ്രവചനങ്ങൾ തുടർന്നുകൊണ്ടിരുന്നു...  അവർ കാതോർത്തുകൊണ്ടിരുന്നു..
അപ്പോഴൊക്കെ അയാളുടെ വിധവയായ മകൾ അടുത്തമുറിയിലെ ജനൽ പാളികൾ തീർത്ത വിടവിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment